ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

23.35 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് മലകളും ചെങ്കുത്തായ ചെരിവും ഭൂമികളും സമതലങ്ങളായ കൃഷിഭൂമിയും നിറഞ്ഞ ഭൂപ്രദേശമാണ്. നീരൊഴുക്കുകള്‍ ഒഴുകി നിളാ നദിയില്‍ പതിക്കുന്നു. ഇവിടെ കുന്നിന്‍ പുറങ്ങളില്‍ ചെമ്മണ്ണും സമതലങ്ങളില്‍ എക്കല്‍ മണ്ണും കളിമണ്ണും കാണാം. കിഴക്ക് വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്തും ഭാരതപ്പുഴയുംപടിഞ്ഞാറ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തും, തെക്ക് വരവൂര്‍ ഗ്രാമപഞ്ചായത്തും, വടക്ക് ഭാരതപ്പുഴയുമാണ്. കേരളത്തില്‍ നടന്നുവരുന്ന അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസന മുന്നേറ്റത്തിന് ഏറെ സഹായിച്ചു. ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഈ കാലത്ത് കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ല. പഞ്ചായത്തില്‍ ആകെ 310 ഹെക്ടര്‍ സ്ഥലം നെല്‍കൃഷിയും 340 ഹെക്ടര്‍ സ്ഥലം പുരയിടകൃഷിയുമാണ്. കൃഷിയോഗ്യമായ തരിശുനിലം 5 ഹെക്ടറും തരിശായ കൃഷിയോഗ്യമായ പുരയിടം 30 ഹെക്ടറുമാണ്.  10 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമല്ലാത്ത തരിശുനിലവുമാണ്.

        കുന്നുകളും താഴ്വരകളും തോടുകളും കൊണ്ട് നിറഞ്ഞ പ്രകൃതി രമണീയമായ ഈ പഞ്ചായത്തിന്റെ ഒരു അതിര്‍ത്തി ഭാരതപ്പുഴയാണ്. ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഈ പുഴ നമ്മെ സഹായിക്കുന്നുണ്ടെങ്കിലും കാലവര്‍ഷക്കാലത്ത് ഈ ഭൂപ്രദേശത്ത് പെയ്തു ലഭിക്കുന്ന മഴവെളളം മുഴുവന്‍ 24 മണിക്കൂറിനുളളില്‍ ഈ പൂഴയില്‍കൂടി ഒഴുകി അറബിക്കടലില്‍ എത്തിച്ചേരുന്നു. ലഭിക്കുന്ന മഴവെളളം പാഴായിപ്പോകുന്ന ഇവിടെ വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ചെങ്ങണാംകുന്ന് റഗുലേറ്ററിന്റെ പണി പൂര്‍ത്തീകരിച്ചതിനാല്‍ ഭാരതപ്പുഴയില്‍ ജല ലഭ്യത നല്ല രീതിയില്‍ ഉണ്ടാകും. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 24754 ആണ്. ഇതില്‍ 12521 സ്ത്രീകളും 12233 പുരുഷന്‍മാരുമാണുളളത്. പട്ടികജാതി വിഭാഗക്കാര്‍ ആകെ  3754 ആണ്. ഇതില്‍  1914 സ്ത്രീകളും 1840 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലാകെ 470 പട്ടികജാതി കുടുംബങ്ങളുണ്ട്.