തദ്ദേശ സ്ഥാപനത്തിന്‍റെ വികസന സ്ഥിതി
May 19, 2026
തദ്ദേശ സ്ഥാപനത്തിന്‍റെ വികസന സ്ഥിതി
ഒരു കാലത്തെ ജൈന സംസ്കാരകേന്ദ്രം എന്ന നിലയ്ക്കാണ് തലപ്പിള്ളി (-പളളി) യുടെ സ്ഥലനാമോല്‍പത്തി. ഇന്നത്തെ തലപ്പിളളി താലൂക്കും പൊന്നാനി മുതൽ ചേറ്റുവാ വരെയുളള തീരപ്രദേശവും ഉള്‍പ്പെട്ടതായിരുന്നു തലപ്പിളളി നാടുകൾ. അരനൂറ്റാണ്ട് മുന്‍പ് താലൂക്കില്‍പ്പെട്ട വില്ലേജുകളുടെ എണ്ണം 74 ആണ്. മൂന്നിലൊരു ഭാഗം മുഴുവനും ഘോരവനമായിരുന്നു. ചെറുതുരുത്തി, മുളളൂര്‍ക്കര, വടക്കാഞ്ചേരി കുന്നംകുളം, ഗുരുവായൂര്‍, പാലയൂര്‍ തുടങ്ങിയ സ്ഥങ്ങൾ തലപ്പിളളി താലൂക്കിലെ മുഖ്യ ഘടകങ്ങളാണ്. താലൂക്കിന്റെ പടിഞ്ഞാറെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വടുതല, കണ്ടാണശ്ശേരി, ആര്‍ത്താറ്റ്, അഞ്ഞൂര്‍, കാട്ടാകാമ്പാൽ, കടവല്ലൂര്‍, കൊരട്ടിക്കര എന്നീ സ്ഥലങ്ങള്‍ക്ക് പൊതുവേ തലപ്പിളളി മേല്‍വട്ടം എന്നു പേരുണ്ടായിരുന്നു. (കേരളത്തിലെ സ്ഥലനാമ ചരിത്രങ്ങൾ-വി.വി.കെ വാലത്ത്) തലപ്പിളളി കീഴ് വട്ടത്തിലെ പേരാട്ട വീഥി എന്നറിയപ്പെടുന്ന മേഖലയിലെ ഗ്രാമമാണ് ദേശമംഗലം. മുളളൂര്‍ക്കര നാടുവാഴിയായിരുന്ന മനക്കോട്ടച്ചന്റെ അധീനതയിലായിരുന്നു ഈ ഗ്രാമമെന്നു പറയാം.
ചരിത്രം ചികഞ്ഞു നോക്കുമ്പോൾ ദേശമംഗലം എന്ന ഗ്രാമത്തെപ്പറ്റി അതതിടങ്ങളിൽ ചില്ലറ പരാമര്‍ശങ്ങൾ കാണാം. എന്നാൽ കേരള ചരിത്രത്തിൽ വലിയ പ്രാധാന്യമൊന്നും കാണുന്നില്ല. പ്രധാന പഥത്തിൽ നിന്നും അകത്തേക്കുമാറി കിടക്കുന്ന ഈ ഗ്രാമത്തിലൂടെ പടയോട്ടങ്ങളോ കച്ചവടയാത്രകളോ ഉണ്ടായിട്ടില്ല. ചരിത്രം ഊടുവഴികളിലൂടെയല്ലല്ലോ രൂപപ്പെടുന്നത്. പുരാതന കാലത്ത് നമ്പൂതിരി-ബ്രാഹ്മണ കുടിയേറ്റമുണ്ടായ സ്ഥലങ്ങളെയൊക്കെത്തന്നെ മംഗലം എന്ന് പൊതുവായി ചേര്‍ത്തു പറയാറുണ്ടായിരുന്നു. ഒരു പ്രധാന നമ്പൂതിര ഗ്രാമമെന്ന നിലക്കാണ് ദേശമംഗലം എന്ന പേര് ഈ ഗ്രാമത്തിന് സിദ്ധിച്ചത്.
തൃശ്ശൂര്‍ ജില്ലയില്‍പ്പെട്ട പ്രദേശമാണെങ്കിലും തൊട്ടടുത്തുളള വളളുവനാടന്‍ സംസ്ക്കാരവുമായി ഇഴുകി ചേര്‍ന്ന നാടന്‍ തനിമയാണ് ദേശമംഗലത്തിന്റെ സംസ്ക്കാരം. ഈ ഗ്രാമത്തിലെ സംസാരരീതിയും ആചാരവും കലകളും വേലയുത്സവങ്ങളും വളളുവനാടനാണ്. തൃശ്ശൂര്‍ ജില്ലയുടെ വടക്കുഭാഗത്ത് ഭാരതപ്പുഴയുടെ കരയിലുളള ഈ ഗ്രാമം പ്രകൃതിഭംഗിക്കു കേള്‍വികേട്ടതാണ്. ചലച്ചിത്ര ഛായാഗ്രാഹകര്‍ക്ക് പ്രിയപ്പെട്ട ഭൂമി. അതിപ്രശസ്തരായ ഭാഗവതര്‍മാരും വാരിയര്‍മാരായ പണ്ഡിതന്‍മാരും ദേശമംഗലം എ. കെ.ടി.കെ എം മനയും ഇവിടെ ഉണ്ടായിരുന്നു. ദേശമംഗലം വാരിയത്തെ പണ്ഡിതന്‍മാരും ദേശമംഗലം വാരിയത്തെ പണ്ഡിതന്മാരുടെ സംഭാവനകളും ദേശമംഗലം മനയുടെ പ്രതാപവും എന്നും ഓര്‍മ്മിക്കപ്പെടും. ലീലാതിലകം എന്ന പ്രാചീന മണിപ്രവാള ലക്ഷണഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി ദേശമംഗലം വാരിയത്തുനിന്നാണ് കണ്ടു കിട്ടിയത്. തിരുവനന്തപുരം സര്‍വ്വകലാശാല മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലെ വലിയൊരു ശേഖരം ദേശമംഗലം വാരിയത്തെ താളിയോല കെട്ടുകളാണ്. കേരളത്തിലെ സാഹിത്യകാരന്മാർ ദേശമംഗലം മനയുടെ മംഗളോദയം (തൃശ്ശൂര്‍) മാസികയിലൂടെയും പബ്ലിക്കേഷന്‍ കമ്പനിയിലൂടെയും മംഗളോദയം നഴ്സിംഗ് ഹോമിലൂടെയും ആണ് സാഹിത്യ ജീവിതത്തെ വളര്‍ത്തിയെടുത്തത് എന്ന കാര്യം തകഴിയെപ്പോലുളളവര്‍ ഇന്നും ഓര്‍ക്കുന്നു.
'മംഗളോദയം' ദേശമംഗലത്തുനിന്ന് ഉദയം ചെയ്തത് എന്നര്‍ത്ഥം. മാസികയും അതിന്റെ കേരള കല്പദ്രുമം പ്രസ്സും ആരംഭിച്ചത് ദേശമംഗലത്തു നിന്നു തന്നെയാണ്. ശ്രീ.എ.കെ.ടി.കെ.എം തമ്പുരാന്റെ സേവനം ഈ ഗ്രാമത്തിന്‍റെ പേര് പ്രകാശിപ്പിക്കുന്നതായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു ഭഗവത് ഗീതയും കുറെ മുലകളും' എന്ന സമാഹരത്തിലെ അതേ പേരുളള ചെറുകഥ അക്കാലത്തെ ദേശമംഗലത്തിന്റെ ആനച്ചന്തവും പെണ്‍ചന്തവും ജന്മിത്തവും
വെളിപ്പെടുത്തുന്നു. മനകൊണ്ട് ദേശമംഗലം നിവാസികള്‍ക്ക് കാര്യമായ ഭൗതിക നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും സ്ഥലപ്രശസ്തിക്കു അവരുടെ ആനകളും മംഗളോദയം പ്രവര്‍ത്തനങ്ങളും ഇടയാക്കിയിട്ടുണ്ട്. ഈ ഗ്രാമത്തിലെ കൊച്ചി സര്‍ക്കാര്‍ ഗ്രാമീണവായനാശാലക്ക് ഡി.എച്ച്. നമ്പൂതിരിപ്പാടും മറ്റും ചെയ്ത സേവനങ്ങൾ ചെറിയ തോതിലാണെങ്കിലും ഓര്‍ക്കത്തക്കതാണ്.
സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പുലാക്കാട്ടു രവീന്ദ്രന്‍, പാര്‍ലമെന്റേറിയനും നിയമസഭാംഗവുമായിരുന്ന സി. കെ ചക്രപാണി, മുന്‍ മന്ത്രി കെ. കൊച്ചുകുട്ടന്‍, എ.എസ്.എന്‍. നമ്പീശന്‍, കെ.എസ്. ശങ്കരന്‍, സി. ശിവരാമമേനോന്‍, എ.സി ജോസഫ് എന്നിവരുടെ നാമധേയങ്ങള്‍ ദേശമംഗലത്തിന്റെ പുരോഗതിയിൽ ഓര്‍ക്കപ്പെടേണ്ടവയാണ്. ദേശമംഗലം വാരിയര്‍മാരുടെ നിരയിൽ അവസാനത്തെ കണ്ണിയായിരുന്ന പണ്ഡിതശിരോമണി പ്രൊഫ. ദേശമംഗലത്ത് രാമവാര്യര്‍ നമ്മുടെ ഗ്രാമപ്രശസ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മഹാകവി ഒഎന്‍വി കുറുപ്പ് ദേശമംഗലം ഗ്രാമവുമായി നിരന്തരബന്ധമുളള വ്യക്തിയാണെന്നതും പ്രത്യേകം പറയേണ്ടതുണ്ട്. മലയാളത്തിലെ പ്രമുഖ കവിയും വിവര്‍ത്തകനും നിരൂപകനും അധ്യാപകനുമായ ദേശമംഗലം രാമകൃഷ്ണന്‍ ദേശമംഗലത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു.
മേഖലയുടെ ഇന്നത്തെ അവസ്ഥ
73,74 ഭരണഘടനാ ഭേദഗതിയോടെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരണഘടനാപദവിയുളള തദ്ദേശ സര്‍ക്കാരുകളായി മാറി. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ അധികാരത്തോടൊപ്പം സമ്പത്തും ഉത്തരവാദിത്വങ്ങളും വികേന്ദ്രികരിച്ചു.
പൊതു ഭരണവും ധനകാര്യവും (കണക്കുകൾ രേഖകള്‍ തയ്യാറാക്കല്‍, ജനസേവനം കാര്യക്ഷമമാക്കൽ)
പൊതുജനങ്ങള്‍ക്ക് ദൈനം ദിനാവശ്യങ്ങള്‍ക്ക് ഉതകും വിധം ഭരണം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ആവശ്യമായ രീതിയില്‍ ഫ്രണ്ട് ഓഫീസ് സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വാര്‍ഡ് സേവാ ഗ്രാമകേന്ദ്രങ്ങളിലൂടെ ജനകീയമാക്കാന്‍ കഴിയണം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വേഗത്തില്‍ നല്ല സേവനത്തില്‍ നല്ല സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ ലക്ഷ്യങ്ങള്‍. വിവര സാങ്കേതികവിദ്യയുടെ മുന്നേറ്റവും കമ്പ്യൂട്ടര്‍വല്ക്കരണവും
പഞ്ചായത്ത് വളരെ നല്ല രീതിയില്‍ സ്വായത്തമാക്കുകയും അത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.
കൂടുതൽ കാര്യക്ഷമമായ രീതിയിൽ ജനങ്ങള്‍ക്ക് സേവനങ്ങളും വിവരങ്ങളും നല്കുന്നതിന് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി k-SMART പദ്ധതി രൂപീകരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
K-SMART അപ്ലിക്കേഷന്‍ പ്രവര്‍ത്തികമായതോടുകൂടി വസ്തുനികുതി ഉള്‍പ്പടെയുളള എല്ലാ നികുതികളുടേയും പിരിവും അവയുടെ നിര്‍ണ്ണയവും കാര്യക്ഷമമായികൊണ്ടിരിക്കുന്നു. നിലവിൽ ഓണ്‍ലൈന്‍ വഴിയും ജനങ്ങള്‍ക്ക് നികുതി അടക്കാനും മറ്റു സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും
കൃഷിയും അനുബന്ധമേഖലകളും (മണ്ണ്, ജലസംരക്ഷണം, ജലസേചനം, പരിസ്ഥിതി, വനവല്‍ക്കരണം ഉള്‍പ്പെടെ)
ദേശമംഗലം പഞ്ചായത്തിൽ 290 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നു. പിരിവ് സീസണിൽ കഷ്ടിച്ച് 30 ഹെക്ടര്‍ സ്ഥലത്ത് മാത്രമെ കൃഷിയിറക്കുന്നുളളു. വെളളക്കെട്ടും തൊഴിലാളി ദൗര്‍ലഭ്യവും ആണ് ഇതിന് കാരണം. ചില പാടശേഖരങ്ങളിൽ തരിശ് ആയി നിലം കിടക്കുന്നുണ്ട്. ജലസേചന സൗകര്യങ്ങളുടെ കുറവ് ഒരു പ്രശ്നമാണ്. നടീല്‍ യന്ത്രം, ട്രാക്റ്റര്‍, ടില്ലര്‍, കൊയ്തുമെതിയന്ത്രം എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കേണ്ടതുണ്ട്. നെല്‍കൃഷിയില്‍ ഉല്പാദനക്ഷമത ഉറപ്പാക്കുന്നതിന് ശാസ്ത്രീയമായി ഉല്പാദനോപാധികള്‍ (വിത്ത്, ജൈവ രാസ കീടാണു വളങ്ങള്‍, കുമ്മായം, കള ജൈവിക കീടനാശിനികള്‍, കുമിള്‍നാശിനികള്‍) ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ വിതരണത്തിന് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകളുടെ വിഹിതം അപര്യാപ്തമായതിനാല്‍ ഉല്പാദന ഉപാധികള്‍ വിതരണം ചെയ്യുന്നതിനായി സമഗ്ര പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.
തൊഴിലാളിക്ഷാമവും കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രശ്നമാണ്. പാടശേഖരങ്ങളിൽ ട്രാക്റ്റര്‍ ഇറക്കാന്‍ കഴിയുന്ന തരത്തില്‍ റാമ്പുകള്‍ സ്ഥാപിച്ചിട്ടില്ല
തോടുകളുടെ സൈസ് കെട്ടിയും ആഴം കൂട്ടിയും വെളളകെട്ട് പ്രശ്നം പരിഹരിക്കേണ്ടതുണ്ട് യന്ത്രവല്‍കൃത കൃഷിയുടെ അഭാവവും പ്രശ്നമായി അവശേഷിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. സമഗ്ര പുരയിട കൃഷി വികസനത്തിന്റെ ഭാഗമായി വാഴ ,പച്ചക്കറി, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, കിഴങ്ങു വര്‍ഗ്ഗ വിളകള്‍ , ഇവയുടെ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും ശാസ്ത്രീയമായി ഉല്പാദന ഉപാധികള്‍ ലഭ്യമാക്കുന്നതിനും ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനും പദ്ധതി നിര്‍ദ്ദേശിക്കുന്നു. പച്ചക്കറി വികസനത്തില്‍ ജൈവകൃഷി രീതിക്ക് പ്രാധാന്യം നല്കുന്ന പദ്ധതി നടപ്പിലാക്കി ജൈവ ഉല്പന്നങ്ങള്‍ക്കായുള്ള വിപണി പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.പച്ചക്കറികൃഷിയുടെ വിപുലീകരണത്തിനായി പഞ്ചായത്തും കൃഷിഭവനും കൂടി പദ്ധതികൾ ആവഷ്കരിക്കുന്നണ്ട്.
പ്രധാനപ്പെട്ട മറ്റൊരു കൃഷിയാണ് തെങ്ങ്. നാളികേരവുമായി ബന്ധപ്പെട്ട മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് പോലും പഞ്ചായത്തിൽ ഇല്ല. എന്നാൽ നാളികേര സംഭരണത്തിലൂടെ തെങ്ങ് കൃഷിചെയ്യുന്നവരെ ഒരു പരിധി വരെ സഹായിക്കാന്‍ കഴിഞ്ഞിട്ടണ്ട്
മൃഗസംരക്ഷണവും ക്ഷീരവികസനവും
ദേശമംഗലം ഗ്രാമപഞ്ചായത്ത് കാര്‍ഷികമായ ഒരു പാരമ്പര്യമുളള പഞ്ചായത്താണ്. 10-ാമത് കന്നുകാലി സെന്‍സസ് അനുസരിച്ച് നമ്മുടെ പഞ്ചായത്തിൽ 956
കന്നുകാലികളും(പശുക്കൾ) 672 ആട്, 10 എരുമ 3200 കോഴികള്‍ എന്നിവയാണുളളത്. ഗ്രാമപഞ്ചായത്തിലെ പാലിന്റെയും മുട്ടയുടേയും ആവശ്യകത മുഴുവനായി നിറവേറ്റുന്നതിന് ഈ സമ്പത്ത് പര്യാപ്തമല്ല. ആയതിനാൽ പശുക്കളും കോഴികളും വളര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കണ്ടതാണ്. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി പദ്ധതിയിൽ ഉള്‍പ്പെടുത്തി നടന്നു വരുന്നു. കൂടുതല്‍ ഡയറി യൂണിറ്റുകള്‍ തുടങ്ങേണ്ട ആവശ്യകതയിലേക്കാണ് കണക്കുകള്‍് സൂചിപ്പിക്കുന്നത്.
ചെറുകിട വ്യവസായം
ദേശമംഗലം പഞ്ചായത്തിൽ ചെറുകിടവ്യവസായത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഉത്പാദന മേഖലയിൽ സംരംഭം നടത്തുന്നവര്‍ക്ക് അത് മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. സ്വയംതൊഴിൽ സംരംഭങ്ങൾ, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, വിപണനം, നൈപുണ്യവികസനം എന്നിവയില്‍ പരിശീലനം നല്‍കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും വേണം.
ദാരിദ്ര്യ ലഘൂകരണം
നിരവധി ദാരിദ്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ പഞ്ചായത്തില്‍ ഇനിയും പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്. പഞ്ചവത്സര പദ്ധതി കാലയളവിൽ ദാരിദ്ര്യലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ദേശമംഗലം ഗ്രാമപഞ്ചായത്ത് വളരെയധികം പ്രാധാന്യം നല്‍കിയിട്ടണ്ട്. നമ്മുടെ ഗ്രാമപഞ്ചായത്തില്‍ 211 കുടുംബശ്രീ യൂണിറ്റുകള്‍ നിലവിലുണ്ട്. ഈ ഗ്രൂപ്പുകള്‍ക്കെല്ലാം റിവോള്‍വിംഗ് ഫണ്ട് നല്കി, ചെറിയ തോതില്‍ ബിസിനസ്സ്, കൃഷി, മൃഗസംരക്ഷണം എന്നീ പദ്ധതികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സംരംഭങ്ങള്‍ ഒന്നും ഇല്ലാത്ത ഗ്രൂപ്പുകളും നിലവിലുണ്ട്.
എല്ലാ മേഖലകളിലും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതു വഴി 2017-20 വര്‍ഷം മുതൽ ദാരിദ്ര്യലഘൂകരണം ഒരു പരിധി വരെ മാത്രമേ പരിഹരിക്കാന്‍ സാധിച്ചിട്ടുളളു. കുടുംബശ്രീതലത്തിലും പാര്‍പ്പിടമേഖലയിലും പ്രാധാന്യം നല്‍കിയിട്ടണ്ട്. പാര്‍പ്പിട മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് . ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ആനുകൂല്യം നല്‍കി വരുന്നുണ്ട്. എങ്കിലും ഭവന രഹിതരായവര്‍ ഇപ്പോഴും നിലവിലുണ്ട്.
സ്വയം തൊഴിൽ മേഖലയിൽ നല്‍കുന്ന ആനൂകൂല്യങ്ങൾ കൃത്യമായി പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. സ്വയം തൊഴിൽ മേഖലയില്‍ വിപണനകേന്ദ്രം ഇന്ന് നിലവില്ല. ഇതു പരിഹരിക്കപ്പെടേണ്ടതാണ്.
സാമൂഹ്യക്ഷേമം (വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പടെ)
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കിവരുന്നുണ്ട്. പഞ്ചായത്ത് വിഹിതവും, ബ്ലോക്ക് വിഹിതവും, ജില്ലാവിഹിതവും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തി വരുന്നു. നിലവില്‍ ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂൾ ഇല്ല. വികലാംഗര്‍ക്ക് ആവശ്യമായ ഉപകരണങ്ങൾ, വൃദ്ധര്‍ക്ക് കട്ടിൽ, ട്രൈ സ്കൂട്ടര്‍ തുടങ്ങിയവ ത്രിതല പഞ്ചായത്ത് വിഹിതം വഴി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വൃദ്ധ ജനങ്ങള്‍ക്ക് ഒരു ആശ്വാസ കേന്ദ്രമായി ജില്ലാ പഞ്ചായത്ത് വിഹിതം കൂടി ചേര്‍ത്ത് പകല്‍ വീട് ആരംഭിച്ചു കഴിഞ്ഞു. വയോജന പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വാര്‍ഡിലും പകല്‍വീട് സംവിധാനവും നടപ്പിലാക്കേണ്ടതുണ്ട്.
പട്ടികജാതി വികസനം
ഭവന രഹിതരും ഭൂരഹിതരുമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് മുഴുവന്‍ സ്ഥലവും വീടും ലഭ്യമാക്കേണ്ടതുണ്ട്. ഇപ്പോഴും കക്കൂസ് ഉണ്ടെങ്കിലും ഉപയോഗശൂന്യമായ സ്ഥിതിയിലുള്ള കുടുംബങ്ങള്‍ ഉണ്ട്. കക്കൂസ് സൗകര്യം തീരെ ഇല്ലാത്ത അപൂര്‍വ്വം ചില കുടുംബങ്ങളുമുണ്ട്.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സങ്കേതങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ഇവിടങ്ങളില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പട്ടിക ജാതി സങ്കേതങ്ങളിലെ വൈദ്യുതീകരണവും തെരുവു വിളക്കു പരിപാലനവും പുതിയ തെരുവു വിളക്ക് സ്ഥാപിക്കലും ഏറ്റെടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനോടൊപ്പം ബിരുദ ധാരികളെ സൃഷ്ടിക്കുകയും അവര്‍ക്ക് പി.എസ്.സി കോച്ചിംഗ് നല്കുന്നതിനും കഴിയേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലും കൂലിപണിയും കണ്‍സ്ട്രക്ഷന്‍ മേഖലയിലുമാണ് കൂടുതല്‍ പേരും തൊഴിലെടുക്കുന്നത്. സ്വയം തൊഴിലും സ്ഥിരം തൊഴിലും ലഭ്യമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതുണ്ട്. അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്കുകയും അയല്‍ക്കൂട്ട രൂപീകരണവും തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്കി മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും വികസനം
വടക്കാഞ്ചേരി ബ്ലോക്കിലെ ദേശമംഗലം പഞ്ചായത്തിൽ 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഐ.സി.ഡിഎസ്-ന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷിക സര്‍വ്വേ പ്രകാരം ആകെ ജനസംഖ്യ 24754-ഉം സ്ത്രീജനസംഖ്യ 12521-ഉം പുരുഷ ജനസംഖ്യ 12233 ഉം ആണ്.
ആറുവയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം 2085 ഉം അതില്‍ ആണ്‍കുട്ടികളുടെ എണ്ണം 1090 ഉം അതില്‍ പെണ്‍കുട്ടികളുടെ എണ്ണം 995 ഉം ആണ്.
പഞ്ചായത്തിൽ 20 അഗന്‍വാടികളുണ്ട്. ഇവ 1 മുതൽ 16 വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്നു. ഓരോ അംഗന്‍വാടിയിലും ഒരു വര്‍ക്കറും ഒരു ഹെല്‍പ്പറും ജോലി ചെയ്യുന്നു. 20 അംഗന്‍വാടികളില്‍ 19 എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ട്. 1 എണ്ണം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന് സ്ഥലം കിട്ടിയിട്ടുണ്ട്. 20 അംഗന്‍വാടികളില്‍ കക്കൂസും, 10 എണ്ണത്തിന് ശിശുസൗഹൃദ കക്കൂസും ഉണ്ട്. 20 അംഗന്‍വാടികളില്‍ വയറിംഗ് നടത്തി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. 19 അംഗന്‍വാടികള്‍ക്കാണ് സ്വന്തമായി കുടിവെളള സൗകര്യമുളളത്. 19 അംഗന്‍വാടികള്‍ക്ക് ചുറ്റുമതില്‍ ഉണ്ട്. 20 അംഗന്‍വാടികള്‍ക്ക് ഗ്യാസ് കണക്ഷന്‍, ഫ്ളാഗ് പോസ്റ്റ്, പാത്രങ്ങൾ, കളിപ്പാട്ടങ്ങള്‍, ഫര്‍ണീച്ചര്‍ എന്നിവ നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യപോഷണ നിലവാരം ഉയര്‍ത്തുന്നതിന് അംഗന്‍വാടികളില്‍ കൂടി പോഷകാഹാരവിതരണം നടത്തുന്നു. 6 മാസം മുതല്‍ 3 വയസ്സ് വരെയുളള കുട്ടികള്‍ക്ക് അമൃതം ഫുഡ് എന്ന പേരിലുളള പോഷകാഹാരം നല്കി വരുന്നു. കൂടാതെ ഗര്‍ഭിണികള്‍ക്കും, പാലൂട്ടുന്ന അമ്മമാര്‍ക്കും, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും അംഗന്‍വാടികളില്‍ കൂടി ഭക്ഷണം നല്കുന്നുണ്ട്.
അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രാവിലെ 11 മണിക്ക് നിലക്കടല വറുത്തത്/നിലക്കടല മിഠായി, ഉച്ചക്ക് ചെറുപയര്‍ ചേര്‍ത്ത് വേവിച്ച കഞ്ഞി, 3 മണിക്ക് ഗോതമ്പ് ഉപ്പുമാവ്/പായസം എന്നിവ നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ അംഗന്‍വാടികളില്‍ കൂടി രോഗ പ്രതിരോധ കുത്തിവെപ്പുകൾ നല്‍കുന്നു. അമ്മമാരെയും കൗമാരപ്രായക്കാരായ കുട്ടികളെയും
പരിശോധിച്ച് വിളര്‍ച്ച മാറ്റുവാനുളള ഗുളികകൾ നല്കി വരുന്നു. അതിനു പുറമെ അമ്മമാര്‍ക്കും, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കുന്നു. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ഉള്‍ക്കൊളളുന്ന വിധത്തിലുളള ബാലസഭയുടെ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടക്കുന്നുണ്ട്.
ആരോഗ്യം
A) PHC- ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി.
രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനവും മരുന്നും നല്കാന്‍ കഴിയുന്നുണ്ട്
ലാബിൽ ഓട്ടോമാറ്റിക്ക് ഉപകരണങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും അപര്യാപ്തത പരിഹരിച്ചു.
മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ക്കായി പ്ലാന്റ് നിര്‍മ്മിച്ചു.
KMSCL വഴി ലഭിക്കുന്നതിനുപുറമെ ജനകീയാസൂത്രണം വഴിയും മരുന്നുകൾ വിതരണം ചെയ്യുന്നു.
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് നല്‍കി വരുന്നു.
E HEALTH നടപ്പിലാക്കി
CCTV ക്യാമറകള്‍ സ്ഥാപിച്ചു.
ഭിന്ന ശേഷി സൗഹൃദ ആശുപത്രിയാക്കി
കുട്ടികള്‍ക്ക് കളിക്കുവാന്‍ കളിസ്ഥലം / പാര്‍ക്ക് നിര്‍മ്മിച്ചു
നിലവിലുള്ള സ്റ്റാഫുകൾ
ഡോക്ടര്‍മാര്‍ - 4
ഫാര്‍മസിസ്റ്റ് – 2
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - 1
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ – 3
JPHM – 4
സ്റ്റാഫ് നഴ്സ് – 2
MLSP – 2
ലാബ് ടെക്നീഷ്യന്‍ - 1
സബ് സെന്ററുകള്‍
പളളം, കൊണ്ടയൂര്‍, തലശ്ശേരി സബ് സെന്ററുകളില്‍ ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഫര്‍ണീച്ചറുകളുടെ അപര്യാപ്തത പരിഹരിച്ചു. പള്ളം സബ് സെന്ററിനെ ആര്‍ദ്രം പദ്ധതിയില്‍പെടുത്തി ഉള്‍പ്പെടുത്തി ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററായി ഉയര്‍ത്തിയിട്ടുണ്ട്.
കൊണ്ടയൂര്‍ സബ് സെന്റര്‍ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.
ആയുര്‍വേദ ആശുപത്രി
ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ സ്റ്റോര്‍ ,ബാത്ത്റൂം, ട്രസ്സ് വര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. KASH നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന
പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചുവെങ്കിലും ആവശ്യാനുസരണം വെള്ളം ലഭ്യമായിട്ടില്ല.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ മരുന്നുകള്‍ വാങ്ങി വിതരണം ചെയ്യുന്നു
ഹോമിയോ ആശുപത്രി
ദേശമംഗലം സെന്ററില്‍ വാടക കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ മരുന്നുകള്‍ വാങ്ങി വിതരണം ചെയ്യുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യം
പകര്‍ച്ചാവ്യാധികള്‍ കുറഞ്ഞ എണ്ണത്തില്‍ ഓരോ വര്‍ഷവും ഉണ്ടാവുന്നു
ജലജന്യരോഗങ്ങള്‍ക്ക് കക്കൂസ് കുഴിയും കിണറും തമ്മിലുളള അകലക്കുറവും ശുചിത്വ നിലവാരക്കുറവും തെറ്റായ ആരോഗ്യനിലകൾ എന്നിവയും കാരണമാവുന്നു
പ്രതിരോധ കുത്തിവെപ്പ് എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
കിടപ്പിലായവരും, വൃക്ക രോഗങ്ങള്‍ ബാധിച്ചവരുമായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിപാടി വഴി സ്വാന്തനവും സേവനവും മരുന്നും ലഭിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ ഇനിയും പുരോഗതി വരുത്തേണ്ടതണ്ട്
രോഗപ്രതിരോധ,നിയന്ത്രണ,ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങള്‍ നല്ല നിലയിൽ ജനപങ്കാളിത്തത്തോടെ നടത്താന്‍ കഴിയുന്നു
പകര്‍ച്ചവ്യാധികള്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുന്നു
ദേശീയ ആരോഗ്യ പരിപാടികൾ പഞ്ചായത്ത് പ്രദേശത്ത് നല്ല നിലയില്‍ നടപ്പിലാക്കേണ്ടതുണ്ട്.
ജീവിത ശൈലി രോഗങ്ങൾ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ആയതിനുള്ള മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്.
വിദ്യാഭ്യാസം,സംസ്ക്കാരം,കല കായിക വികസനം യുവജനക്ഷേമം
കൊണ്ടയൂര്‍ GLP സ്കൂളില്‍ 57 കുട്ടികളും 8 ക്ലാസ് മുറികളും 4 ഡിവിഷനുകളുമുണ്ട്. 8 ക്ലാസ് മുറികളില്‍ 4 എണ്ണം അധ്യായനത്തിനും ബാക്കി ഓഫീസ്റൂം, കംപ്യൂട്ടര്‍ റൂം, ലൈബ്രറി എന്നിവയും പ്രവര്‍ത്തിക്കുന്നു. സ്കൂളില്‍ സ്റ്റേജും പാചകപുരയും ഉണ്ട്. പളളം GLPS ൽ 31 കുട്ടികളും 4 ഡിവിഷനുകളും 6 ക്ലാസ് മുറികളും ഉണ്ട്. പള്ളം സ്കൂളില്‍ സ്റ്റേജും ഹാളും ഉണ്ട്. കലാ കായിക വികസനം ലക്ഷ്യം വച്ചു കൊണ്ട് യുവജനങ്ങള്‍ക്ക് (ക്ലബുകള്‍ക്ക്) സ്പോര്‍ട്സ് കിറ്റ് നല്‍കാന്‍ കഴിഞ്ഞു. യുവജനങ്ങള്‍ക്ക് ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്, കളിസ്ഥലം നിര്‍മ്മാണം എന്നിവ നടപ്പിലാക്കേണ്ടതുണ്ട്.